Entertainment

Sakhavu Movie Review

Sakhavu Movie Review [Malayalam]: ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം നിവിൻ പോളി, ഇത്തവണ സിദ്ധാർഥ് ശിവയോടൊപ്പം.. ഒരുപാട് പ്രതീക്ഷകൾ നൽകാഞ്ഞ ട്രെയ്‌ലർ, എന്നിരുന്നാലും പ്രതീക്ഷയോട് തീയേറ്ററിലേക്ക്..
സഖാവ് കൃഷ്ണകുമാർ എന്ന ഇന്നത്തെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സഖാവ്, കുറെയേറെ വളഞ്ഞ വഴിയിലൂടെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന യുവാവ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഐ സി യു വിൽ അഡ്മിറ്റായിട്ടുള്ള സഖാവ് കൃഷ്ണന് രക്തം നൽകാൻ പോകേണ്ടി വരുന്നു. അതിലൂടെ സഖാവ് കൃഷ്ണന്റെ ചരിത്രവും ആദർശവും മനസ്സിലാക്കുന്ന കൃഷ്ണകുമാറിന് വരുന്ന തിരിച്ചറിവും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥ.


പ്രകടനങ്ങളിൽ സഖാവ് കൃഷ്ണനായി നിവിൻ പോളി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു, കൃഷ്ണന്റെ പ്രായമായ ഗെറ്റ്അപ്പിലെ പ്രകടനം അത്ര കണ്ടു മികച്ചതല്ലെങ്കിൽ കൂടി, കൃഷ്ണന്റെ യൗവനം നിവിൻ തകർത്തിട്ടുണ്ട്. സഖാവ് കൃഷ്ണകുമാറായി കുറച്ചു ഓവർ ആക്ടിങ് പോലെ തോന്നിച്ച പ്രകടനമായിരുന്നു നിവിനിൽ നിന്ന്. നായികയായെത്തിയ ഐശ്വര്യ രാജേഷ് നല്ല പ്രകടനം. അപർണ ഗോപിനാഥ്, ഗായത്രി സുരേഷ്, അൽത്താഫ്, ശ്രീനിവാസൻ, രാജു, ബൈജു തുടങ്ങി ഒരുപിടി സഹതാരങ്ങളും ചിത്രത്തിലുണ്ട്. ‘പ്രേമം’ അൽത്താഫ് കോമഡി സീനുകൾ കൊള്ളാമായിരുന്നു, അതുപോലെ ബൈജുവിന്റെ പുതിയ മേക്ഓവറും.


ജോർജ് സി വില്ലിയംസിന്റെ ഛായാഗ്രഹണം മികച്ചു നിന്നു, പ്രത്യേകിച്ചും പഴയ കാലഘട്ടത്തിലെ രംഗങ്ങൾ. ബൈജുവുമായി പ്രീ ഇന്റെർവെലിൽ വരുന്ന ഒരു പന്തം ഫൈറ്റ് തന്നെ ഒരു ഉദാഹരണം, മികച്ചരീതിയിൽ അത് വിഷ്വലൈസ് ചെയ്തിട്ടുണ്ട് ജോർജ്. എടുത്തുപറയേണ്ട മറ്റൊന്ന് പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതമാണ്, കിടുകിടിലൻ റീ റെക്കോർഡിങ്. ഗാനങ്ങളും കൊള്ളാം.


ഇത്തവണ സിദ്ധാർഥ് ശിവക്ക് ബോക്സ് ഓഫീസിൽ പിഴയ്ക്കാൻ ഇടയില്ല എന്നുതന്നെയാണ് വിശ്വാസം. കെട്ടുറപ്പുള്ള തിരക്കഥ, മികച്ച ടെക്നിക്കൽ സൈഡിന്റെ പിൻബലത്തോടെ നല്ല ക്വാളിറ്റിയിൽ സ്‌ക്രീനിലെത്തിക്കാൻ സിദ്ധാർത്ഥിന് ഇത്തവണ കഴിഞ്ഞിട്ടുണ്ട്.
നെഗറ്റീവ് വശമായി പറഞ്ഞാൽ ഒന്നാം പകുതിയിൽ ചിത്രത്തിന്റെ ഒരു മൂഡിലേക്ക് എത്തിച്ചേരുന്ന ഘട്ടത്തിൽ അനുഭവപ്പെടുന്ന ലാഗ് വേണമെങ്കിൽ ചൂണ്ടിക്കാട്ടാം, കൂടാതെ സഖാവ് കൃഷ്ണന്റെ വൃദ്ധകാലം സ്‌ക്രീനിൽ എത്തിച്ചപ്പോൾ നിവിൻ അത്രകണ്ട് വിസ്മയിപ്പിച്ചോ എന്നും സംശയമാണ്. എന്നാൽ ഇത്തരം ചെറിയ തെറ്റുകുറ്റങ്ങൾ മാറ്റിനിർത്തിയാൽ സഖാവ് ഒരു കമ്മ്യൂണിസ്റ്റിനെ എന്നപോലെ കോമൺ പ്രേക്ഷകരെയും നിരാശപ്പെടുത്താനിടയില്ല.


മെക്സിക്കൻ അപാരത പോലുള്ള സമീപകാല ചിത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും രണ്ടു പടി മേലെ തന്നാണ് സഖാവ്, അത് ടെക്നിക്കൽ സൈഡ് നോക്കിയാലും പ്രതിപാദിക്കുന്ന വിഷയം നോക്കിയാലും.


എനിക്കിഷ്ടപ്പെട്ടു ഈ സഖാവിനെ.. പ്രത്യേകിച്ചും സഖാവ് കൃഷ്ണനെ..!!

Sakhavu Movie Rating : 3.5/5

Sakhavu Movie  Review by : Sreerag Menon

 

Click to comment

Most Popular

To Top